മികവുറ്റ കാഴ്ചക്ക് മോസില്ല ഫയർഫോക്സ് ഉപയോഗിക്കൂ.
പാട്ട് ഇപ്പോൾ ഫയർഫോക്സിൽ മാത്രമേ കാണുന്നുള്ളൂ/കേൾക്കുന്നുള്ളൂ. ഉടൻ ശരിയാക്കാം.
യാഹൂ വെബ് പ്ലേയർ ഉൾപ്പെടുത്തിയിരിക്കുന്നു. പേജിന്റെ ഇടത്തേ അറ്റത്ത് താഴെയായി നോക്കൂ.

29 January 2010

സ്പന്ദിക്കുന്ന അസ്ഥിമാടം - Spandhikkunna Asthimaadam - ചങ്ങമ്പുഴ കൃഷ്ണപിള്ള

അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!

കേള്‍ക്കൂ..


എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 8-മിനിട്ട് 30-സെക്കന്റ്.

അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ,
കഷ്ട,മീക്കാച്ചു നീർപ്പോളമാത്രം!
ദു:ഖചിന്തേ, മതി മതി, യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!

സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനും കൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി, ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരുകാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും, തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധിയപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വാക്കുകള്മാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപൊണ്ഡം തണലിൽ!! ...

പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക, ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ,
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! ...'
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ? ...

Listen - High Quality

കേള്‍ക്കൂ..

0 അഭിപ്രായങ്ങൾ: